ലക്നോ: യുപിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഔദ്യോഗിക വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കുമാർ റായിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൊഞ്ചിലെ ഡയൽ 112-ൽ സേവനമനുഷ്ഠിച്ച പോലീസ് കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അരുൺ കുമാർ റായിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി വൈകിയാണ് റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ച് പോലീസ് സ്റ്റേഷനിലേക്കെത്തിയ ആദ്യ ഫോണ്‍ കോൾ സംഭവസ്ഥലത്തുണ്ടായിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ്എച്ച്ഒ സ്വയം വെടിവച്ചു എന്നാണ് അവർ ജീവനക്കാരോട് പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്.